Tuesday, 20 March 2012

ബിജുസലീമിനുണ്ടൊരു തിരുമോന്ത.

 
        ജോലിക്കുനിന്നിരുന്ന വീട്ടിലെ കുളിമുറിയില് കയറി സോപ്പുപെട്ടി മോഷ്ടിച്ച കുറ്റത്തിന് അറസ്റ്റിലായ യുവാവിന്റെ ചിത്രം നിങ്ങള് പത്രത്തില് കണ്ടിട്ടില്ലേ..? ഏത് യുവാവ് എന്ന് ആലോചിക്കേണ്ട ഒരുമാതിരിപ്പെട്ട ഇത്തരം കേസുകളിലെ എല്ലാ യുവാക്കളുടെയും ചിത്രം പത്രത്തില് വരാറുണ്ട്. അതിക്രമിച്ച് കയറല്, മോഷണം, തൊണ്ടിമുതല് നശിപ്പിക്കല് തുടങ്ങി ചാര്ത്താവുന്ന എല്ലാ കുറ്റങ്ങളും ചുമത്തിയാണ് ഇത്തരം യുവാക്കളെ നമ്മുടെ പോലീസ് അകത്തിടുന്നത്. സ്റ്റേഷനിലെത്തുന്ന പത്രഫോട്ടോഗ്രാഫര്മാര് ക്ലിക്കിന് തയ്യാറെടുക്കുമ്പോള് മുഖം താഴ്ത്തിപ്പിടിക്കാനെങ്ങാന് ശ്രമിച്ചാല്, യുവാവിന് പുളിച്ചതെറി ഏമാന്റെ വക ഫ്രീയായി കിട്ടും.! ചുരുക്കത്തില് ഒരുമാതിരി എല്ലാ 'പെറ്റികള്ള'ന്മാരുടെയും പാസ്പോര്ട്ട് സൈസ് പടം പത്രത്തില് അടിച്ചുവരുന്നതില് നമ്മുടെ പോലീസുകാര് നല്ല ശുഷ്കാന്തി കാട്ടാറുണ്ട്. എന്നാല് കുറ്റവാളി ഒരു പോലീസുകാരനായാലോ ??


               വ്യാജരേഖ ചമച്ച്, മതസ്പര്ധയുണ്ടാക്കും വിധം, ഒൌദ്യോഗിക രേഖ മാധ്യമങ്ങള്ക്ക് നല്കിയ ഒരു പുണ്യാളനാണ് ബിജുസലീം.  സംസ്ഥാന പോലീസിലെ ഹൈടെക്സെല് എസ് ഐ ആയിരുന്നു ടിയാന്. ഇപ്പോ ക്രിമിനല് കേസിലെ പ്രതിയാണ്. പോലീസ് കസ്റ്റഡിസില് സുഖജീവിതം നയിക്കുന്നു. നിങ്ങള്ക്കിതുവരെ ഈ മഹാനായ മനുഷ്യന്റെ തിരുമുഖം കാണാന് സാധിച്ചിട്ടുണ്ടോ. ഇടതുകൈ കൊണ്ട് മുഖം മറച്ച് കോടതിമുറിയില് നിന്നും പുറത്ത് വരുന്ന ബിജുസലീമിനെയല്ലേ കഴിഞ്ഞ രണ്ട് ദിവസമായി നമ്മള് കാണുന്നത്. മുഖ്യധാരയിലെ പത്രങ്ങളും ചാനലുകളും അത് മാത്രമല്ലേ കാണിക്കുന്നത്. എന്തുകൊണ്ട് ??


മാധ്യമങ്ങളില് നിന്നും മുഖം മറച്ച് പോവാനുള്ള അവകാശം ബിജുവിനുണ്ട്. കൈ തട്ടിമാറ്റി ഫോട്ടോ എടുക്കാനുള്ള അവകാശം മാധ്യമ പ്രവര്ത്തകര്ക്കില്ല താനും. പക്ഷേ രാജ്യദ്രോഹിയായ ആ പോലീസുകാരന്റെ തിരുമോന്ത കാണാനുള്ള അവകാശം കേരളത്തിലെ ജനങ്ങള്ക്കുണ്ട്. ഭരണകൂടത്തിന്റെ 'നോട്ടപ്പുള്ളികളാ'ണ് കേരളത്തിലെ മുസ്ലീംസഹോദരങ്ങളെന്ന് പ്രചരിപ്പിച്ച കള്ളനാണയാള്


 ആ കള്ള പ്രചാരണത്തില് ഭാഗഭാക്കായതുകൊണ്ടാണോ കേരളത്തിലെ മാധ്യമങ്ങള് ബിജുസലീമിന് മുഖം മറച്ച് ജീവിക്കാന് അവസരം നല്കുന്നത്?. ആണെന്ന് തന്നെ വേണം കരുതാന്.  അല്ലാതെ ഹൈടെക് സെല്ലിലെ ഒരു എസ് ഐയുടെ പാസ്പോര്ട്ട് സൈസ് പടമെങ്കിലും കിട്ടാതിരിക്കാന് നിങ്ങള്ക്ക് എന്തുണ്ട് ന്യായം. ബിജു സലീമിന്റെ തിരുമോന്ത കണ്ടത്കൊണ്ട് കേരളീയ സമൂഹത്തിന് പ്രത്യേകിച്ച് ഒന്നും നേടാനില്ല, എന്നാല് ആ മുഖം മറച്ചുവയ്ക്കുന്നത് കൊണ്ട് നിങ്ങളില് പലര്ക്കും ചിലതൊക്കെ  മൂടാനുമുണ്ട്..

Monday, 13 February 2012

ആ കാറ്റും മഴയും ഇരുട്ടും മൊയ്ദീനായിരുന്നു..

            യാദൃശ്ചികമായാണ് അവരെക്കുറിച്ച് അറിഞ്ഞതും പരിചയപ്പെട്ടതും. വാര്ത്തതേടിയുള്ള യാത്രക്കിടയില് സുഹൃത്ത് വിജയേട്ടനാണ് 'കാഞ്ചനചേച്ചി'യുടെ  ജീവിതം പറഞ്ഞത്. ഒരു സിനിമാക്കഥപോലെയാണ് ആദ്യം അത് അതനുഭവപ്പെട്ടത്. കേട്ടത് ജീവിതമോ പൊടിപ്പും തൊങ്ങലും വച്ചൊരു സിനിമാക്കഥയോ എന്ന് അത്ഭുതപ്പെടാന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. വിജയേട്ടന് അക്കാലത്ത് ഒരു തിരക്കഥ എഴുതിയിരുന്നു.  ( ഒരുനാള് വരും എന്ന പേരില് ശ്രീനിവാസന് അത് കോപ്പിചെയ്തെന്നും സിനിമയുടെ റിലീസിംഗ് തടയണം എന്നും കാണിച്ച് വിജയേട്ടന് അന്ന് കേസ് നല്കിയിരുന്നു.)  ജീവിതസീനുകളും ചില സംഭാഷണങ്ങളും വരെ പറഞ്ഞ്, കാഞ്ചന ചേച്ചിയുടെ പ്രണയകാലം വിജയേട്ടന് എനിക്ക് മനസ്സിന്റെ സ്ക്രീനില് പൊലിപ്പിച്ചു തന്നു. എങ്കില് പിന്നെ അവരെ കണ്ടിട്ടുതന്നെ കാര്യം എന്നു ഞാനും ഉറപ്പിച്ചു.
കോഴിക്കോട് മുക്കം അങ്ങാടിയിലെത്തുമ്പോഴേക്കും എന്റെ മനസ്സ് മുഴുവന്  വിനോദ്കുമാര് ക്യാമറയില് പകര്ത്തിയിരുന്നു.   
   
                                                                                                                                                                               അരമണിക്കൂറെങ്കിലും ഉള്ള ഒരു പ്രത്യേക പരിപാടിയില് കുറഞ്ഞ് മറ്റൊന്നും മനസ്സിലുണ്ടായിരുന്നില്ല. അത്തരത്തില് ഒരനുവാദവും എന്റെ ചില ബോസുമാര് തന്നിരുന്നു. അറിയാത്തവരെല്ലാം കാഞ്ചനയെ അറിയണം അവരുടെ പ്രണയകഥയറിയണം എന്ന് ഞാന് കൊതിച്ചു . ശ്രീ ഹമീദ് ചേന്ദമംഗല്ലൂരും  ശ്രീ സലാം നടുക്കണ്ടിയും ഉള്പ്പടെ ക്ഷണമനുസരിച്ച് ചിലരൊക്കെ ആ വൈകുന്നേരം അവിടെയെത്തി. അപ്പൊഴും വിജയേട്ടന് പറഞ്ഞ കാഞ്ചനചേച്ചിയെ കാണാനുള്ള തിരക്കായിരുന്നു മനസ്സിന്. പൊട്ടിപ്പളിഞ്ഞ  ബി.പി മൊയ്ദീന് സേവാമന്ദിറിന്റെ അകത്ത് ചെരുപ്പ് അഴിച്ചുവച്ചേ കയറാന് അനുവാദമുള്ളു. അനുസരിച്ചു. അകത്ത് കയറിയപ്പോള് തലയിലൂടെ സാരിചുറ്റി ജ്വലിച്ചുനില്ക്കുന്ന ഒരു രൂപമാണ് ആദ്യം കണ്ടത്. ചേച്ചിയെന്ന് വിളിക്കാവുന്നതിലും പ്രായമുണ്ടവര്ക്ക്. എന്നാല് അമ്മേ എന്ന് വിളിക്കാനും  അവരെക്കുറിച്ചുള്ള അറിവ് അനുവദിച്ചില്ല. ഒരു നമസ്കാരം പറഞ്ഞ് മനസ്സിലേക്ക് ചെന്നു. ഇനി ഈ ലിങ്ക് കഥ പറയും. ശേഷം ഞാന് തുടരാം..

http://www.dailymotion.com/video/xdoivj_b-p-moideen-seva-mandir-a-monument_news"


                       അരമണിക്കൂര് പരിപാടി നടന്നില്ല. വാസ്തവത്തില് ഒരു സെഗ്മന്റായി അത് ഒതുങ്ങി. ഞായറാഴ്ച രാത്രിയായിരുന്നു അതിന്റെ സംപ്രേക്ഷണം. തിങ്കളാഴ്ച രാവിലെ അവരെന്നെ വിളിച്ചു. ''ഇലവഞ്ഞിപ്പുഴയില് നിര്മ്മിക്കുന്ന പുതിയ പാലത്തിന് മൊയ്ദീന്റെ പേരിടണം എന്ന ഭാഗങ്ങളോന്നും വന്നില്ല. വേണ്ടത് അവയൊക്കെയായിരുന്നു'' എന്ന് പറഞ്ഞു. സമയപരിമിതിയുടെ കാര്യങ്ങള് പറയാന് ഞാന് ശ്രമിച്ചെങ്കിലും അവര് കൂട്ടാക്കിയില്ല.  അവരെ ചൊടിപ്പിച്ചത് ആ സ്ക്രിപ്റ്റില് വന്ന ഒരു വാചകമായിരുന്നു എന്നത് വിജയേട്ടന് വഴി പിന്നെയാണ് അറിഞ്ഞത്.



ഇലവഞ്ഞിപ്പുഴയുടെ തീരത്തേക്ക് വര്ഷങ്ങള് കഴിഞ്ഞാണ് അവര് വന്നത്, ആ ഷൂട്ടിംഗിനായി. മുടിപിന്നിക്കെട്ടിയ പാവാടക്കാരിയായ കാഞ്ചനമാലയ്ക്കും മുക്കത്ത്കാരുടെ കാഞ്ചന ചേച്ചിക്കും ഇടയിലൂടെ ഇലവഞ്ഞിപ്പുഴ ഒരുപാടൊഴുകി. ആ പുഴയിലാണല്ലോ കാഞ്ചനയുടെ എല്ലാമെല്ലാമായ മൊയ്ദീന് ആത്മസമര്പ്പണം ചെയ്തത്.. 


ഷൂട്ട് കഴിഞ്ഞ് മടങ്ങുമ്പോഴാണ് പ്രണയലേഖനങ്ങള് ചിത്രീകരിച്ചില്ലല്ലോ എന്ന ഓര്മ്മ വന്നത്. വണ്ടി തിരിക്കുമ്പോഴേക്കും എവിടെ നിന്നോ കനത്ത മഴയെത്തി. മറവി പായിച്ച ഒരു കിലോമീറ്ററോളം മടങ്ങി ചെല്ലാന് നന്നേ പാടുപെട്ടു.  കാലത്തെ അതിജീവിച്ച ഒരു പ്രണയം, അതിന്റെ ചില സ്വകാര്യനിമിഷങ്ങള് ഞങ്ങള്ക്ക് മുമ്പില് തുറന്നുവച്ചു. ലോകത്ത് ഇനി മറ്റാര്ക്കും വായിക്കാന് കഴിയാത്ത പ്രേമം അവര് വായിച്ചു. രണ്ടേരണ്ട് വരി വായിക്കുമ്പോഴേക്കും കറണ്ട് പോയി. കൂരിരുട്ടില് തപ്പിത്തടഞ്ഞ് ഞങ്ങള് പുറത്തിറങ്ങി. കാറ്റും മഴയും കനത്തിരിക്കുന്നു. തിരിച്ച് പോന്നപ്പോഴും ഇപ്പോഴും ഞാന് കരുതുന്നു - കാറ്റും മഴയും ഇരുട്ടും മൊയ്ദീനായിരുന്നു..

Monday, 6 February 2012

ടാര്ജറ്റ് ചെയ്യുന്നതിലെ സുഖം.

                               ഒരുവര്ഷം മുമ്പ്  മന്ത്രി പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് വാര്ത്താസമ്മേളനം വിളിച്ച് തനിക്ക് വധഭീഷണിയുണ്ടെന്നും വ്യാജസീഡി നിര്മിച്ച്  അപമാനിക്കാന്  ശ്രമം നടക്കുന്നുണ്ടെന്നും വിലപിച്ചപ്പോള് ഇന്ത്യാവിഷന്റെ കൊച്ചി ഓഫീസില് അദ്ദേഹത്തിനെതിരെയുള്ള സ്റ്റോറികള് എണ്ണിത്തിട്ടപ്പെടുത്തുന്ന തിരക്കിലായിരുന്നു 'ചിലര്'. കുഞ്ഞാലിക്കുട്ടിയുടെ വിലാപം അല്പായുസ്സോടെ , സര്വ്വ ഗൌരവവും നഷ്ടപ്പെട്ട് പരിഹാസ്യമായി മാറി. വേട്ടക്കാരുടെ തിരക്കഥയില് മാറ്റം ഒന്നും കൂടാതെ കെ എ റൌഫ് കുഞ്ഞാലിക്കുട്ടിക്കെതിരെ കോഴിക്കോട്ട് വെടിപൊട്ടിച്ചതായിരുന്നു അതിനു കാരണം.  തൊട്ടുപിന്നാലെ ഒളിക്യാമറയില് പകര്ത്തിയ ദൃശ്യങ്ങളുമായി ഇന്ത്യാവിഷനും അവരുടെ റോള് ഭംഗിയാക്കി. കുഞ്ഞാലിക്കുട്ടിയെ ടാര്ജറ്റ് ചെയ്യുന്നതിലെ സുഖം കൊച്ചിയിലെ ആലപ്പാട്ട് റീജന്സിയിലിരുന്ന് വേട്ടക്കാര് കുപ്പിപൊട്ടിച്ച് നുകര്ന്നു.

                        ഇടമലയാര് കേസില് ഉള്പ്പെട്ട ആര് ബാലകൃഷ്ണപ്പിള്ളയെ പതിറ്റാണ്ടുകള് നീണ്ട വ്യവഹാരത്തിന് ശേഷം പൂജപ്പുരയില് കയറ്റാന് അച്യുതാനന്ദന് എന്ന കമ്മ്യൂണിസ്റ്റ് രാപ്പകലില്ലാതെ അധ്വാനിച്ചു. കേസിന്റെ കാലപ്പഴക്കവും പ്രതിയുടെ പ്രായമൊന്നും അദ്ദേഹത്തിന്റെ മനസ്സിനെ ചഞ്ചലമാക്കിയില്ല. എന്നാല് വിഎസ് അച്യുതാനന്ദന് തന്നോട് 'വ്യക്തിപരമായ പക' വച്ചു പുലര്ത്തുകയാണെന്ന് പിള്ള വിലപിച്ചു. സത്യമായിരുന്നു, രാഷ്ടീയത്തിനുമപ്പുറത്ത് വ്യക്തിപരമായ ഒരു സുഖം 'വിധി'ദിനത്തില് വിഎസ്  നുകര്ന്നിരുന്നു.

                        ഈ രണ്ട് വിഷയങ്ങളെ ഇവിടെ പരാമര്ശിക്കുന്നത് അവയിലെ വാദികളും പ്രതികളും നടത്തിയ പുതിയ ഇടപെടല് മൂലമാണ്. വേട്ടമൃഗം വേട്ടക്കാരനാവുകയും, വേട്ടക്കാരന് ഇരയാകുകയും ചെയ്യുന്ന സാമൂഹ്യ യാഥാര്ത്ഥ്യം വെളിപ്പെട്ടു വരുന്ന പശ്ചാത്തലത്തിലാണ്.
                       
                         എംകെ മുനീറിന്റെ രാഷ്ട്രീയവൈരം അദ്ദേഹത്തിന്റെ ചാനലാണ് ക്വട്ടേഷനെടുക്കാറ്. അത്തരം ക്വട്ടേഷന് പണികള് അറിഞ്ഞും അറിയാതെയും  ആ സ്ഥാപനത്തിന്റെ ചരിത്രത്തെ മാറ്റിമറിച്ചിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി അവര്ക്ക് തിന്നാലും തിന്നാലും കൊതിതീരാത്ത മാനിറച്ചിയാണ്. കുഞ്ഞാലിക്കുട്ടിയെന്ന പേരുപോലും ഡസ്കില് ഒരുവിട്ടാല് കാസര്കോഡോ ഡല്ഹിയോ പണിയെടുത്തോളാന് ഉത്തരവിറങ്ങാറാണ് പതിവ്.
                         കൊച്ചിയിലെ വൈറ്റ്ഫോര്ട്ട് ഹോട്ടലില് വച്ചാണ് ഇന്ത്യാവിഷന് എക്സിക്യൂട്ടീവ് എഡിറ്റര് എം പി ബഷീറും കെ എ റൌഫും ചേര്ന്ന് കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള വിവാദ ഒളിക്യാമറ ചിത്രീകരിക്കുന്നത്. കോഴിക്കോട്ടും മലപ്പുറത്തും കോട്ടയത്തും മാസങ്ങള് നീണ്ട അന്വേഷണങ്ങള് നടത്തുമ്പോള് ആ സ്ഥാപനത്തിലെ തലപ്പത്തുള്ള ചുരുക്കം ചിലര്ക്ക് മാത്രമേ ഈ വിവരങ്ങള് അറിയാമായിരുന്നുള്ളു. എന്നാല് തനിക്കെതിരെ നടക്കുന്ന നീക്കങ്ങള് കുഞ്ഞാലിക്കുട്ടിക്ക് ചോര്ന്നുകിട്ടി. അങ്ങിനെയാണല്ലോ മലപ്പുറത്ത് അദ്ദേഹം മുന്കൂര് വാര്ത്താസമ്മേളനം നടത്തിയത്.
എന്നാല് എങ്ങിനെ ഈ രഹസ്യവിവരം ചോര്ന്നെന്ന അന്വേഷണം സ്ഥാപനത്തിന്റെ മാനേജ്മെന്റ് അന്വേഷിച്ചു.  കോഴിക്കോട് ബ്യൂറോയിലെ ഒരു റിപ്പോര്ട്ടര് വഴിയാകാം  എന്ന നിഗമനത്തില് എത്തിച്ചേരുകയും അവിടെ മീറ്റിംഗ് വിളിക്കുകയും ചെയ്തു. കൊച്ചിയില് നിന്നും കോഴിക്കോട്ടേക്ക് മീറ്റിംഗിനായുള്ള യാത്രയില് ആ സ്ഥാപനത്തിന്റെ റസിഡന്റ് ഡയരക്ടറും എക്സിക്യൂട്ടീവ് എഡിറ്ററും ഒരേ വാഹനത്തിലാണ് പുറപ്പെട്ടത്. ടാര്ജറ്റ് ചെയ്ത റിപ്പോര്ട്ടറെ കോഴിക്കോട് ബ്യൂറോയില് വച്ച് നടത്തിയ മീറ്റിംഗില്  അര്ധരാത്രിയോടെ റസിഡന്റ് ഡയരക്ടര് ചോദ്യംചെയ്തു. രഹസ്യമായ ചര്ച്ച, ചോദ്യം ചെയ്യല്. എക്സിക്യൂട്ടീവ് എഡിറ്റര് എംപി ബഷീര് കോഴിക്കോട് വരെ വന്നെങ്കിലും ആ മീറ്റംഗില് നിന്നും വിട്ടു നിന്നു.  ഒന്നര മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിനു ശേഷം ടാര്ജറ്റ് ചെയ്ത റിപ്പോര്ട്ടര്  നിരപരാധിയാണെന്ന് അവര്ക്ക് ബോധ്യപ്പെട്ടു.  എന്നാല് ആത്മാഭിമാനം ഉള്ള ആ റിപ്പോര്ട്ടര് തൊട്ടടുത്ത ദിവസം തന്നെ അവധിയില് പ്രവേശിക്കുകയും രാജിവച്ച് പോവുകയും ചെയ്തു. വ്യക്തികളെ ടാര്ജറ്റ് ചെയ്യുന്നതിലെ മറ്റൊരു മുഖമാണ് ഇവിടെ വ്യക്തമാക്കപ്പെട്ടത്.

                       ഇനിയാണ് ചില രസകരമായ കാര്യങ്ങല് ശ്രദ്ധിക്കേണ്ടത്. വേട്ടക്കാരും വേട്ടമൃഗങ്ങളും മാറുകയാണ്. കേരള രാഷ്ട്രീയത്തിലും സാഹചര്യങ്ങള് മാറി. സ്വജനപക്ഷപാതമെന്ന രാഷ്ട്രീയ അര്ബുദം അച്യുതാനന്ദനെയും ബാധിച്ചതായി വെളിപ്പെട്ടു. അത് വാര്ത്തയായും കേസായും വളര്ന്നപ്പോള്  തന്നോട് ചിലര് പ്രതികാരം ചെയ്യുന്നതായി വി എസ് വിലപിച്ചു. അതിനെയും നമുക്ക് ടാര്ജറ്റ് ചെയ്യല് എന്ന് വിളിക്കാം.

                         ഐസ്ക്രീം കേസില് കുഞ്ഞാലിക്കുട്ടിക്കെതിരെ ഒരു പതിറ്റാണ്ടിലേറെയായി വ്യക്തിപോരാട്ടം നടത്തുന്ന മാധ്യമ പ്രവര്ത്തകനും ഇപ്പോള്  അതേ വിലാപം- തന്നെ ടാര്ജറ്റ് ചെയ്യാന് ശ്രമിക്കുന്നു. ഇദ്ദേഹത്തിന്റെ യാത്രകളെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും ചിലര് അന്വേഷിക്കുന്നു എന്നാണ് പുതിയ വാര്ത്ത. പക്ഷേ ആ വാര്ത്ത എഴുതിപ്പിടിപ്പിക്കാന് മേല്പ്പറഞ്ഞ മറ്റുള്ളവര്ക്കൊന്നും ഇല്ലാത്ത മാധ്യമ ബന്ധവും സ്ഥാപനങ്ങളും എം പി ബഷീറിനുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന് വാര്ത്താസമ്മേളനം വിളിക്കേണ്ടി വന്നില്ല.

                         കുഞ്ഞാലിക്കുട്ടിയും ആര് ബാലകൃഷ്ണപ്പിള്ളയും വിഎസ് അച്യുതാനന്ദനും എം പി ബഷീറും ഞാനും നിങ്ങളും ടാര്ജറ്റ് ചെയ്യപ്പെടുന്നതിനെ ഒരുപോലെ  ഭയക്കുന്നുണ്ട്. സംശുദ്ധമായ രാഷ്ട്രീയ പ്രവര്ത്തനമാണ് നടത്തിയതെങ്കില് പിള്ളയും വീഎസ്സും എന്തിന് വിലപിക്കണം. സദാചാരജീവിതമാണ് നയിക്കുന്നതെങ്കില് കുഞ്ഞാലിക്കുട്ടിയും എം പി ബഷീറും എന്തിന് മുന്കൂര് ജാമ്യമെടുക്കണം. ഒന്നുകൊണ്ടും പേടിക്കേണ്ടതില്ലല്ലോ.(?)
ഭയപ്പെടുന്നുണ്ടെങ്കില് അത് ഇരയും വേട്ടക്കാരനും തമ്മില് ഒരു വ്യത്യാസവുമില്ലെന്ന് അടിവരയിടലാകും..

                     
                       




    
                        
                      

Friday, 3 February 2012

അത്രയ്ക്കുണ്ട് തണുപ്പ് !!

 പാര്ട്ടിയെയും പ്രവര്ത്തകരെയും തണുപ്പിച്ച് നിര്ത്താനുള്ള നേതാക്കളുടെ പാരമ്പര്യകഴിവിനെയാണ് കോണ്ഗ്രസ്സില് നേതൃഗുണം എന്ന് പറയുന്നത്. ആ കഴിവ് നന്നായി വിനിയോഗിക്കുന്നവര്ക്ക് കേരളത്തിലും കേന്ദ്രത്തിലും ഭാരവാഹിത്വങ്ങളുണ്ട്. കാര്യങ്ങള് 'ശഠേ' എന്ന് നടക്കണം എന്ന് ധരിച്ചാല് കണ്ണൂര് എസ് പി പോലും വിലവെക്കില്ല. അല്ലെങ്കിലും കെ സുധാകരന് കോണ്ഗ്രസ്സില് പാരമ്പര്യം ഇത്തിരി കുറവല്ലേ. അത്തരക്കാര് ആ നിലയ്ക്ക് നിന്നോളണം. അല്ലാത്ത പക്ഷം ഗ്രൂപ്പ് നോക്കാതെ മൂക്കുചെത്തിക്കളയും എന്ന് പാര്ട്ടി അധ്യക്ഷന് കട്ടായം പറഞ്ഞിട്ടുണ്ട്.
                   കേന്ദ്രമന്ത്രിസഭ ഒന്ന് പുനസംഘടിപ്പിക്കണമെങ്കില് പോലും കോണ്ഗ്രസ്സ് പാര്ട്ടിക്ക് മൂന്ന് കാര്യങ്ങള് പരിഗണിക്കണം. ആദ്യത്തേത് എങ്ങിനെ ഇത് നീട്ടികൊണ്ടുപോവാം എന്നതാണ്. അതിന് രണ്ട് വഴികളാണ് പരമ്പരാഗതമായി പിന്തുടരുന്നത്. ഒന്ന് അടുത്ത അഞ്ചുപത്ത് മാസത്തിനിടയ്ക്ക് രാജ്യത്തെ ഏതെങ്കിലും ഒരു സംസ്ഥാനത്ത് വല്ല  ഉപതെരഞ്ഞെടുപ്പും നടക്കുന്നുണ്ടോ എന്നതാണ്. രണ്ടാമത്തേത് സോണിയാഗാന്ധിയുടെ അമേരിക്കന്-ആഫ്രിക്കന് ടൂര് വല്ലതും അടുത്തിടെ നടക്കാനുണ്ടോ എന്നതും. ഭാഗ്യവശാല് ഇതില് ഏതെങ്കിലും ഒന്ന് ഉറപ്പായും ഉണ്ടായിരിക്കും. അങ്ങിനെ പുനസംഘടയില് കുപ്പായം പ്രതീക്ഷിച്ചവര് മാസങ്ങള് എണ്ണി ക്ഷീണിക്കും. പെട്ടിതൂക്കി  രാജവീഥികള് പലതും നടന്ന്,  അവശരായി മാറിയ ശേഷം നിവൃത്തിയില്ലാതെ വിശ്രമിക്കുമ്പോഴാണ് പാര്ട്ടി മേല്പ്പറഞ്ഞ പുന. നടത്തുക. 'നടക്കില്ലെന്ന് വരെ കരുതിയത് ഒടുവില് നടന്നലോ' എന്ന ആശ്വാസത്തില് കുപ്പായം തുന്നിയവര് അതത് മണ്ഢലം കമ്മിറ്റിയിലേക്ക് മടങ്ങിപോവും. ഇതാണ് കേന്ദ്രത്തിലെ പതിവ് കോണ്ഗ്രസ്സ് കലാപരിപാടി.
                            അത് കണ്ടാണല്ലോ ഇവിടെയും പഠിക്കുന്നത്. കണ്ണൂരിലൊരു സുധാകരനോ പാലക്കാട്ട് ഒരു അച്യുതനോ തൃശ്ശൂരില് ഒരു ചാക്കോയോ എന്തെങ്കിലും സത്യം പറയും. മാധ്യമങ്ങള് അത് വാര്ത്തയാക്കി നാലഞ്ച് ദിവസം ഉയര്ത്തിനിര്ത്തും. ഇലയ്ക്കും മുള്ളിനും കേടില്ലാതെ ചെന്നിത്തല ചില വാചകങ്ങള് പുറപ്പെടുവിക്കും- ''കോണ്ഗ്രസ്സ് ഒരു ജനാധിപത്യ പാര്ട്ടിയാണ്, എല്ലാവര്ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്, അത് പരിശോധിക്കും'' തുടങ്ങി പതിവ് വാചകങ്ങള് ചെന്നിത്തല ഉരുവിടും. (കുറ്റം പറയരുതല്ലോ ഇത്തരത്തിലുള്ള വാചകടെംപ്ളേറ്റ് അഞ്ചാറെണ്ണം ചെന്നിത്തല സ്വയം വികസിപ്പിച്ചെടുത്തിട്ടുണ്ട്.) തൊണ്ടകീറി  പറഞ്ഞവനും അത് മുഴുവന് വാര്ത്തയാക്കിയവനും ഇതെല്ലാം കേട്ടിരിക്കുന്നവനും മടുത്ത ശേഷം, വാര്ത്തയും വിവാദവും സ്വയം ചത്തൊടുങ്ങുകയെന്നല്ലാതെ കോണ്ഗ്രസ്സിലെ കാര്യപ്പെട്ട ഒരാവശ്യവും പരിഹരിക്കപ്പെടാറില്ല. ''അടഞ്ഞ അധ്യായം'' എന്ന ഒരൊറ്റവാക്കില് ഒതുക്കി തന്റെ രാഷ്ട്രീയ പാപ്പരത്വം വെളിവാക്കാന് രമേശ് ചെന്നിത്തല മീഡിയാറൂമില് തലകാണിക്കും, പതിനായിരങ്ങളെ അഭിസംബോധന ചെയ്യുന്നവരുടെ ശരീരഭാഷയില് ഇടത്തോട്ടും വലത്തോട്ടും നോക്കി ഗൌരവം കാട്ടും. അരിയെത്ര എന്ന് ചോദിച്ചാല് മറ്റേ ഉത്തരം പറയും. മത്തന് കുത്തിയാല് കുമ്പളം മുളയ്ക്കുന്ന പാര്ട്ടിയാണ് ഇപ്പോള് കേരളത്തിലെ കോണ്ഗ്രസ്സ്.
                     ഇടതുഭരണം അഞ്ചുവര്ഷം പൂര്ത്തിയാകുന്നതുകൊണ്ടാണ് പിന്നീടൊരു സാധ്യത തങ്ങള്ക്ക് ലഭിക്കുന്നതെന്ന ബോധ്യം കോണ്ഗ്രസ്സ്കാര്ക്ക് തീരെ ഇല്ല. അല്ലെങ്കിലും യാഥാര്ത്ഥ്യം ഉള്ക്കൊള്ളുക ഇക്കൂട്ടര്ക്ക് പ്രയാസമുള്ള കാര്യമാണ്. നാളെയോ മറ്റന്നാളോ രാഹുല്ഗാന്ധി കല്യാണം കഴിക്കുമെന്നും ആ ഗാന്ധികുട്ടി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്നും സ്വപ്നം കാണുന്ന കോണ്ഗ്രസ്സുകാര് നാട്ടിലൊരുപാടുണ്ട്. ആര്ക്ക് വോട്ട് ചെയ്യണമെന്ന് വോട്ടര്മാര് തീരുമാനമെടുത്താലും ആരെയെല്ലാം സ്ഥാനാര്ത്ഥികളാക്കണം എന്ന് തീരുമാനിക്കാന് കഴിയാത്തവരാണ് കേരളത്തിലെ കോണ്ഗ്രസ്സ് നേതാക്കള്.  ജയിച്ചുവന്നാല് ആരെല്ലാം മന്ത്രിമാരാവണം, ഏതെല്ലാം കോര്പ്പറേഷനുകള് കയ്യില് വെക്കണം, എന്തെല്ലാം പാര്ട്ടി പരിപാടികള് നടപ്പാക്കണം എന്ന് സംബന്ധിച്ചെല്ലാം എന്തെങ്കിലുമൊരു തീരുമാനം എടുക്കുമ്പോഴേക്കും നേരം സന്ധ്യയായിട്ടുണ്ടാകും. എന്നാപ്പിന്നെ ചക്കപ്പുഴുക്കും കഴിച്ച് പിരിയാം എന്ന പൊതു നയം രൂപപ്പെടുത്തി ഒരു പ്രമേയവും പാസാക്കി തൊട്ടടുത്ത ബാറിലേക്ക് കുടിയേറലാണ് പാര്ട്ടിയോഗങ്ങള്.
                            പാര്ട്ടികളില് അഭിപ്രായ വ്യത്യാസങ്ങള് സ്വാഭാവികമാണ്. വിവാദങ്ങളും. എന്നാല് അവയ്ക്ക് പരിഹാരമോ നിര്ദേശമോ നല്കാന് ഇല്ലാത്ത നേതാക്കള്ക്ക് എവിടെയാണ് സ്ഥാനം നല്കേണ്ടത്. ഇത്രയും പറഞ്ഞത് കേരളത്തിലെ എല്ലാ മുക്കിലും മൂലയിലും ആളും ഓഫീസുമുള്ള ഒരു പാര്ട്ടിയെ എങ്ങിനെ ഫ്രീസ് ചെയ്ത് നിര്ത്താന് സാധിക്കും എന്നതിനുള്ള ചില നേതാക്കളുടെ  'ഗവേഷണം' കണ്ടിട്ടാണ്, വക്കം റിപ്പോര്ട്ട് നടപ്പാക്കണമെങ്കില് ചെന്നിത്തലയ്ക്ക് സ്വന്തംപേരില് നടപടിയെടുക്കേണ്ടി വരുമെന്ന ഉള്ളറ രഹസ്യം പകര്ന്നുകിട്ടിയ അറിവില് നിന്നാണ്, സര്ച്ചാര്ജ്ജ് കൂടുന്ന പശ്ചാത്തലത്തില് വീട്ടിലെ  ഫ്രിഡ്ജ് ഓഫ് ചെയ്ത് തൊട്ടടുത്ത കോണ്ഗ്രസ്സ് ഓഫീസില് ഭക്ഷണം കേടുവരാതെ സൂക്ഷിക്കാം എന്ന അറിവ് ലഭിച്ചതുകൊണ്ടാണ്-  അത്രയ്ക്കുണ്ട് തണുപ്പ്.